
എറണാകുളം : കാക്കനാട് ജില്ലാ ജയിലിലുള്ള മഴവെള്ള സംഭരണിയുടെ അറ്റകുറ്റപണികൾ നടത്താനുള്ള 23,87,000 രൂപയുടെ എസ്റ്റിമേറ്റ് എത്രയും വേഗം ജയിൽ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജയിൽമേധാവിയുടെ കത്ത് ലഭിച്ച് ഒരു മാസത്തിനുള്ളിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ജയിലുകളിൽ യാതൊരു കാരണവശാലും ജല ദൗർലഭ്യമുണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു.
നിലവിൽ നാലു ദിവസം കൂടുമ്പോൾ ജില്ലാ ജയിലിൽ നടത്തുന്ന ജലവിതരണം മൂന്നു ദിവസം കൂടുമ്പോഴാക്കാനുള്ള നടപടികൾ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന്റെ സിറ്റിംഗിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി , മധ്യമേഖലാ ഡി ഐ ജി , കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട്, ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ഹാജരായി.
ജില്ലാ ജയിലിൽ ദിനംപ്രതി 40,000 ലിറ്റർ വെള്ളംആവശ്യമാണെന്നും ജല അതോറിറ്റിയിൽ നിന്നും ലഭിക്കുന്ന വെള്ളം പര്യാപ്തമല്ലെന്നും ജയിൽ അധികൃതർ അറിയിച്ചു. ചില ആഴ്ചകളിൽ കൃത്യമായി വെള്ളം ലഭിക്കാറില്ല. 1,50,000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന സംഭരണിക്ക് കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചു. ഇതിന്റെ അറ്റകുറ്റപണികൾ നടത്താനുള്ള 23,87,000 രൂപയുടെ എസ്റ്റിമേറ്റ് ജയിൽ ആസ്ഥാനത്ത് സമർപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം വെള്ളം ലഭ്യമായാൽ ജലക്ഷാമം പരിഹരിക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്റ്റിമേറ്റ് ലഭ്യമായാൽ വർക്കിംഗ് ഗ്രൂപ്പിൽ സമർപ്പിച്ച് ഭരണാനുമതി നൽകുന്നതാണെന്ന് ആഭ്യന്തര വകുപ്പിന്റെ പ്രതിനിധി അറിയിച്ചു.
ജല അതോറിറ്റിയുടെ കുഴപ്പം കൊണ്ടല്ല, സംഭരണശേഷിയുടെ ശേഷിക്കുറവുകൊണ്ടാണ് കുടിവെള്ള ക്ഷാമമുണ്ടാകുന്നതെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. കൊച്ചി മെട്രോയുടെ പണികൾ പൂർത്തിയാകുമ്പോൾ ആഴ്ചയിൽ 3 ദിവസം വെള്ളമെത്തിക്കാമെന്നും ജല അതോറിറ്റി പ്രതിനിധി അറിയിച്ചു.
Photo Courtesy - Google








